ഭയത്തോടെ കാണാതെ ഇതും സാധാരണമാണ് എന്ന് മനസ്സിലാക്കി കൃത്യമായി ചികിത്സിച്ച് സ്വയമേ നിയന്ത്രിക്കാൻ സാധിക്കുന്ന അവസ്ഥയാണ് മെനോപോസ്
45- 55 പ്രായത്തിലുള്ളവരിലാണ് കൂടുതലും മെനോപോസ് അഥവാ ആർത്തവവിരാമം എന്ന അവസ്ഥ ഉണ്ടാകുന്നത്. ഈ സമയത്ത് ഹോർമോൺ വ്യത്യാസം വളരെ അധികം ഉണ്ടാകും. ദൈനംദിന ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലൂടെയെല്ലാം ഈ ഘട്ടത്തിൽ ഒരു സ്ത്രീ കടന്നു പോകേണ്ടതുണ്ട്. പലപ്പോഴും സ്ത്രീകളിൽ ഇത്തരം മാറ്റങ്ങൾ കുടുംബം തള്ളികളയാറാണ് പതിവ്. ഈ സമയങ്ങളിൽ അവർക്ക് വേണ്ടത്ര ശ്രദ്ധ നൽക്കാറുമില്ല. സ്ത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച് ഏറ്റവും പ്രധാനമാണ് ഈ സമയം. കുടുംബത്തിൻ്റെ പിന്തുണ ഈ ഘട്ടങ്ങളിൽ വളരെ പ്രധാനമാണ്.
വീട്ടിലുള്ളവർ സപ്പോർട്ടീവ് അല്ലെന്ന് തോന്നുമ്പോൾ അത് അവരെ മാനസികമായി കൂടുതൽ ബുദ്ധിമുട്ടിക്കും.സ്ത്രീകൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് അവർക്ക് കാര്യങ്ങൾ തുറന്നു പറയാൻ ഒരാളില്ലായെന്നത്. തുറന്നു പറയാൻ കുടുംബത്തിൽ തന്നെ ആളുകൾ ഉണ്ടെങ്കിൽ മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ അവർക്ക് വേണ്ടത്ര പിൻതുണയും പിൻബലവും ലഭിക്കും. അതിലാണ് ഇത്തരം വിഷയങ്ങളിൽ കുടുംബത്തിൻ്റെ പിന്തുണ പ്രധാനമായി മാറുന്നത്. എന്നാൽ ചുറ്റുമുള്ളവർ പലപ്പോഴും ഇത് മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. സ്ത്രീകളിൽ പെരി മെനോപോസ് മുതലെ ലക്ഷണങ്ങൾ പ്രകടമാകാം, എന്നാൽ അത് തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടാണ്.
എങ്ങനെ ഇവരെ പരിചരിക്കാം
ചികിത്സയാണ് ഇതിനുള്ള ഏറ്റവും മികച്ച പ്രതിവിധി. ഒപ്പം കുടുംബാംഗങ്ങളെ കൂടുതൽ പറഞ്ഞ് മനസ്സിലാക്കി അവർ കടന്ന് പോകുന്ന ഈ ഘട്ടത്തെ കുറിച്ച് അവബോധം നൽകാം. ‘എന്താണ് മെനോപോസ്, എങ്ങനെ ഇത് ചികിത്സിക്കാം, ഇതിൽ കുടുംബത്തിന് ഇതിൽ എത്രത്തോളം പങ്കാളികളാകാം’ എന്ന് അവരെ ബോധ്യപ്പെടുത്തണം. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള തെറാപ്പി നൽകാം. എത്രയും വേഗം വിദഗ്ധനായ ഡോക്ടരെ കണ്ട് ഉചിതമായത് ചെയ്യണം.സ്ത്രീകൾ ഈ സമയത്ത് വളരെയധികം പ്രതിസന്ധികൾ നേരിടുന്നത് കൊണ്ട് അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യാപൃതരാകാനുള്ള അവസരമൊരുക്കണം. യാത്ര, എഴുത്ത്, വര തുടങ്ങിയ അവരുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിക്കണം.
മെനോപോസ് സ്വയമേ തിരിച്ചറിയാൻ കഴിയുമോ?
സ്ത്രീകൾ തന്നെയാണ് തങ്ങൾ ഒരു മെനോപോസിലൂടെയാണ് കടന്ന് പോകുന്നതെന്ന് ആദ്യം തിരിച്ചറിയുന്നത്. രാത്രിയിൽ ഉറങ്ങാൻ കഴിയാത്തത് മുതൽ ശരീരത്തിനും മനസ്സിനും വരുന്ന ഓരോ മാറ്റങ്ങളും അവർക്ക് തിരിച്ചറിയാൻ സാധിക്കും. മുൻപ് ഏതൊങ്കിലും തരത്തിൽ ഡിപ്രെഷൻ ഉണ്ടായിട്ടുള്ളവർക്ക് മെനോപോസ് വരാൻ സാധ്യത കൂടുതലാണ്.
മെനോപോസ് ഉള്ളവർ ചെയ്യേണ്ട കാര്യങ്ങൾ
- വ്യായാമം
- യോഗ
- മെഡിറ്റേഷൻ
- ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കണം
- പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം ആയിരിക്കണം
മെനോപോസിൻ്റെ പാർശ്വഫലങ്ങൾ
മെനോപോസ് തിരിച്ചറിയാതെ പോയാൽ അത് വലിയ അപകടമാണ്. ഈ അവസ്ഥ തിരിച്ചറിയാതെ വന്നാൽ, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നിലനിൽക്കും, അത് അവരെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. ദേഷ്യം, സംസാരിക്കാതെ ഇരിക്കുന്ന അവസ്ഥ, അനാവശ്യമായ കരച്ചിൽ ഇതെല്ലാം മെനോപോസിൻ്റെ പാർശ്വഫലങ്ങളാണ്. ജോലി സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാനും മെനോപോസ് ഒരു കാരണമാണ്. അത് ജോലിയുടെ നിലനില്പിനെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്. ഒപ്പം ദിവസേന ചെയ്യുന്ന കാര്യങ്ങളിൽ മാറ്റം വരാം. അതു കൊണ്ട് മെനോപോസ് തിരിച്ചറിയുന്ന സമയത്ത് ഒട്ടും വൈകാതെ ചികിത്സ തേടണം. ഒപ്പം കൃത്യമായ ബോധവൽകരണവും നൽകണം.
മെനോപോസിൻ്റെ ആദ്യ ലക്ഷണങ്ങൾ
- ക്രമം തെറ്റിയ ആർത്തവം
- ഉറക്കക്കുറവ്
- വിയർത്ത് ഞെട്ടി എണീക്കുക
- അമിതമായ രക്തസ്രാവം
- അനാവശ്യമായ കരച്ചിൽ
- ഓർമ്മ കുറവ്
- മൂഡ് സ്വിംഗ്സ്
എല്ലാ സ്ത്രീകളിലും മെനോപോസിനുള്ള സാധ്യതയുണ്ട് ചിലരിൽ മെനോപോസ് വളരെ മോശമായി പ്രകടമാകാം. എന്നാൽ ചിലർ ഈ അവസ്ഥയിലാണെന്ന് അറിയുക പോലുമില്ല. മെനോപോസ് ഉണ്ടെന്ന് തിരിച്ചറിയാൽ ആദ്യം ചെയ്യേണ്ടത് ചികിത്സ തന്നെയാണ്. വ്യായാമം, ഭക്ഷണം, കൂടെയുള്ളവരുടെ പിന്തുണ ഇതെല്ലാം ശ്രദ്ധിച്ചാലെ മെനോപോസ് പൂർണ്ണമായി മാറ്റാൻ സാധിക്കുകയുളൂ. സ്ത്രീകളുടെ മറ്റ് ഏത് ജീവിത ഘട്ടങ്ങളെയും പോലെ തന്നെയാണ് മെനോപോസ്. ഭയത്തോടെ കാണാതെ ഇതും സാധാരണമാണ് എന്ന് മനസ്സിലാക്കി കൃത്യമായി ചികിത്സിച്ചാൽ നിയന്ത്രിക്കാനും മറികടക്കാനും സാധിക്കുന്നതാണ് ഈ അവസ്ഥ.
കടപ്പാട്: ഡോ ഷാലിനി നായർ
ഡയറക്ടർ, Unarv mind & behavior Centre
കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ്,
ലിസ്സി ഹോസ്പിറ്റൽ എറണാകുളം